കുടുംബത്തോടൊപ്പം യുഎഇ സന്ദർശിക്കാനാഗ്രഹിക്കുന്നവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ ഫാമിലി ഗ്രൂപ്പ് ടൂറിസ്റ്റ് വിസ വഴി ചെലവ് ചുരുക്കി യാത്ര ചെയ്യാം. ഈ പദ്ധതി വഴി 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വിസ സൗജന്യമായി ലഭിക്കും. എന്നാൽ മാതാപിതാക്കൾക്ക് വിസയ്ക്ക് സാധാരണ നിരക്ക് ബാധകമാണെന്ന് ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഗ്രൂപ്പ് ടൂറിസ്റ്റ് വിസ എടുത്ത് മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്നവർക്ക് മാത്രമാണ് ഈ ആനുകൂല്യം. മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികൾക്കും സൗജന്യ വിസ ലഭിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കുട്ടികൾ തനിച്ചോ മറ്റുള്ളവരോടൊപ്പമോ വരുമ്പോൾ ഈ ആനുകൂല്യം ലഭിക്കില്ല. 30 മുതൽ 60 ദിവസം വരെയാണ് രാജ്യത്ത് താമസിക്കാനാകുക. രാജ്യത്തിനകത്ത് തങ്ങിക്കൊണ്ട് തന്നെ ഈ കാലയളവ് നീട്ടാനുമാകും. യുഎഇയ്ക്ക് അകത്തും പുറത്തുമുള്ള അംഗീകൃത ട്രാവൽ ഏജൻസികൾ വഴി മാത്രമാണ് ഓഫർ ലഭിക്കുക.