വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായി യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് സഹായഹസ്തവുമായി കെസി വേണുഗോപാല്‍ എംപി. തൊഴില്‍ തട്ടിപ്പിനിരയായി യുഎഇയില്‍ ദുരിതം അനുഭവിക്കുന്നവരെ സുരക്ഷിതരായി നാട്ടില്‍ എത്തിക്കാനും വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സിക്കെതിരെ അന്വേഷണം നടത്താനും ഇടപെടണമെന്നാവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എം.പി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് കത്തയച്ചു. കരുനാഗപ്പള്ളി സ്വദേശിനി രശ്മി, കോഴിക്കോട് പയ്യനാട് സ്വദേശി മുഹമ്മദ് റിയാസ്, കൊല്ലം വളത്തുങ്കല്‍ സ്വദേശി സജി, കോഴിക്കോട് സ്വദേശിനി മായ, മുണ്ടക്കയം സ്വദേശി സുബിന്‍ എന്നിവരാണ് തട്ടിപ്പില്‍ അകപ്പെട്ട് ദുബായിലെ ഹോര്‍ലാന്‍സ് പ്രദേശത്ത് ദുരിതമനുഭവിക്കുന്നത്. തൊഴില്‍ വിസയും നിയമാനുസൃതമായ ജോലിയും വാഗ്ദാനം ചെയ്തു ഇവരില്‍ നിന്ന് 1,20,000 രൂപ വീതം തട്ടുകയും സന്ദര്‍ശക വിസയില്‍ ഇവരെ ദുബായില്‍ എത്തിച്ച ശേഷം വ്യാജ റിക്രൂട്ട്‌മെന്റ് ഏജന്‍സി കൈയൊഴിയുകയായിരുന്നു. കബളിപ്പിക്കപ്പെട്ടന്നത് തിരിച്ചറിഞ്ഞ ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് ആ പേരില്‍ ഒരു കമ്പനി യുഎഇയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അറിഞ്ഞത്. തുക തിരികെ ആവശ്യപ്പെട്ടപ്പോള്‍ ശത്രുതാ മനോഭാവത്തോടെയാണ് ഏജന്‍സി അധികൃതര്‍ തട്ടിപ്പിന് ഇരയായവരോട് പെരുമാറിയതെന്നും എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.