യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ സനയിലെ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസർക്കാരിന്റെ ഇടപെടൽ തേടി അമ്മ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ചർച്ചകൾക്കായി യമനിലേക്ക് പോകാനുള്ള സൗകര്യം ഒരുക്കാൻ കേന്ദ്രസർക്കാറിനോട് നിർദേശിക്കണമെന്നാണ് ആവശ്യം. ഹർജി നാളെ പരിഗണിച്ചേക്കും. 2017 ജൂലൈ 25-നാണ് കേസിനാസ്പദമായ സംഭവം. യമനിൽ നഴ്സായി ജോലി ചെയ്തിരുന്ന നിമിഷപ്രിയയും കൂട്ടുകാരിയും ചേർന്ന് യമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു എന്നതാണ് കേസ്. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായിക്കാമെന്നു പറഞ്ഞു തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷയുടെ വാദം. യമൻ കോടതിയാണ് നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷയിൽ ഇളവ് തേടി നിമിഷപ്രിയ നൽകിയ ഹർജി മൂന്നംഗ ബെഞ്ച് തള്ളിയിരുന്നു.