ടൂറിസ്റ്റ് വിസയിൽ ബഹ്‌റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽവിസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പി മാരുടെ സമിതി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാർശകളിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്.
2019 മുതൽ 2023 ജൂൺവരെയുള്ള കാലയളവിൽ ടൂറിസ്റ്റ് വിസയിൽ വന്ന 85,246 പ്രവാസികൾക്ക് വിസ മാറ്റാൻ അനുമതി നൽകിയതായി കമ്മറ്റി വ്യക്തമാക്കി. രാജ്യത്ത് ഈ വർഷം ജൂൺവരെ 8598 വിസകളാണ് തൊഴിൽ വിസയാക്കി മാറ്റിയിട്ടുള്ളത്. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ചില സേവനങ്ങൾ റദ്ദാക്കുക, പ്രവാസികളെ വിദഗ്ധ തൊഴിലാളികളായി രജിസ്റ്റർ ചെയ്യുന്നത് റദ്ദാക്കുക,പ്രവാസി തൊഴിൽനയങ്ങളും നടപടിക്രമങ്ങളും പുനഃപരിശോധനയ്ക്ക് വിധേയമാക്കുക എന്നിവയും ശിപാർശകളിലുണ്ട്.