യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി അവസാനിച്ചു. പദ്ധതിയിൽ അംഗമാകാത്തവരുടെ വർക്ക് പെർമിറ്റ് പുതുക്കി നൽകില്ലെന്നും ഇന്നു മുതൽ 400 ദിർഹം പിഴ ഈടാക്കുമെന്നും മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.
പിഴ ഒഴിവാക്കാൻ ഒക്ടോബർ ഒന്നിന് മുമ്പ് പദ്ധതിയിൽ ചേരണമെന്ന് മന്ത്രാലയം തൊഴിലാളികളോട് ആവശ്യപ്പെട്ടിരുന്നു.അംഗമായ ശേഷം തുടർച്ചയായി മൂന്ന് മാസം വിഹിതം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലും അംഗത്വം റദ്ദാകും.ഇതിന് പുറമെ 200 ദിർഹം പിഴയും അടയ്‌ക്കേണ്ടി വരും. സർക്കാർ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും നിയമം ബാധകമാണ്.ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്ന പദ്ധതിയിൽ 57 ലക്ഷം തൊഴിലാളികൾ ഇതുവരെ അംഗമായിട്ടുണ്ട്.