സൗദിയില്‍ കൈമാറി കിട്ടിയ വാഹനത്തില്‍ നിന്ന് വേദന സംഹാരി ഗുളികകള്‍ പിടിച്ച കേസില്‍ മലയാളിക്ക് ഏഴ് മാസം തടവും നാടുകടത്തലും ശിക്ഷ. വാഹനങ്ങള്‍ കൈമാറി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാത്തതാണ് സൗദി കിഴക്കന്‍ പ്രവിശ്യയില്‍ ജോലി ചെയ്തിരുന്ന മലയാളിക്ക് വിനയായത്. വാഹന പരിശോധനക്കിടെയാണ് ഈ മരുന്നുകള്‍ സുരക്ഷാവകുപ്പ് കണ്ടെത്തിയത്. ഡോക്ടറുടെ നിര്ദേശാനുസരണമല്ലാതെ സൂക്ഷിക്കാനോ ഉപയോഗിക്കാനോ പാടില്ലാത്ത ഗുളികകളായിരുന്നു ഇവ. ഇതിന് മുമ്പ് ഈ വാഹനം ഓടിച്ചിരുന്നയാള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വാങ്ങി സൂക്ഷിച്ചതായിരുന്നു. ഇക്കാര്യം വാഹനം കൈമാറി കിട്ടിയപ്പോള്‍ അറസ്റ്റിലായ മലയാളി അറിഞ്ഞിരുന്നില്ല.









