82 രാജ്യങ്ങളിലെ പൗരന്മാര്ക്ക് യുഎഇയില്‍ പ്രവേശിക്കാന്‍ വിസ ആവശ്യമില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം. വിവിധ രാജ്യങ്ങളിലെ പൗരന്മാര്ക്ക് ബാധകമായ വിസാ ചട്ടങ്ങളും ഇളവുകളും അറിയിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് അതത് രാജ്യക്കാര്‍ക്ക് ബാധകമായ വിസാ ചട്ടങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയില്‍ നിന്നും വിസാ ചട്ടങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവും. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള സന്ദര്‍ശകര്‍ക്ക് യുഎഇയില്‍ 14 ദിവസത്തെ വിസ ഓണ്‍ അറൈവല്‍ ലഭിക്കും. എന്നാല്‍ യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കണമെങ്കില്‍ ചില നിബന്ധനകള്‍ കൂടി പാലിക്കേണ്ടതുണ്ട്.