കുവൈത്തില്‍ കഴിഞ്ഞ ഒന്നര മാസത്തില്‍ ട്രാഫിക് വകുപ്പ് നടത്തിയ പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങള്‍ നടത്തിയ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തു. ചില കേസുകളില്‍ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ മറ്റ് ചില കേസുകളില്‍ ലൈസന്‍സുകള്‍ സ്ഥിരം റദ്ദാക്കുകയും ചെയ്തു.
വാഹനം ഓടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് ഗുരുതരമായ ലംഘനമാണ്. രണ്ട് പെനാല്‍റ്റി പോയിന്റുകളും ചുവന്ന ലൈറ്റ് മുറിച്ചുകടക്കുന്നതിനോ അമിത വേഗതയില്‍ വാഹനമോടിക്കുകയോ ചെയ്താല്‍ നാല് പോയിന്റുകളും ചുമത്തപ്പെടും. 14 പെനാല്‍റ്റി പോയിന്റുള്ളവര്‍ക്കാണ് ആദ്യ സസ്പെന്ഷന് ലഭിക്കുക. മൂന്ന് മാസത്തേക്ക് ലൈസന്‍സ് പിന്‍വലക്കപ്പെടും. വീണ്ടും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ച് 12 പോയിന്റുകള്‍ കൂടെ വന്നാല്‍ ആറ് മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. ഇതിന് ശേഷം പത്ത് പോയിന്റുകള്‍ വന്നാല്‍ ഒമ്പത് മാസത്തേക്ക് ലൈസന്‍സ് സസ്പെന്ഷന് ലഭിക്കും. എട്ട് പോയിന്റുകള്‍ കൂടെ വന്നാല്‍ ഒരു വര്‍ഷത്തേക്കാണ് സസ്പെന്ഷന്. ആറ് പോയിന്റുകള്‍ കൂടെ വന്നാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.