യുഎഇയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നാശനഷ്ടങ്ങൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കാൻ സംവിധാനമൊരുക്കി ഷാർജ പൊലീസ്. കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കുന്നതിന് വേണ്ട സർട്ടിഫിക്കറ്റുകൾക്കായി ഷാർജ പൊലീസിന്റെ ആപ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഷാർജ പൊലീസിന്റെ ആപ്ലിക്കേഷനിൽ പൊലീസ് സർവീസ് തെരഞ്ഞെടുക്കണം. അതിൽ ‘to whom it may concern’ എന്ന ഓപ്ഷൻ തെരഞ്ഞെടുത്ത് നാശനഷ്ടങ്ങളുടെ വിശദ വിവരങ്ങൾ, എവിടെ, എപ്പോൾ എന്നീ വിവരങ്ങളും ചിത്രങ്ങളും അതോടൊപ്പം വാഹന ഉടമയുടെ സർട്ടിഫിക്കറ്റ്, ഇൻഷുറസ് രേഖ എന്നിവയും സൈറ്റിൽ അപ്ലോഡ് ചെയ്യണം. സമ്പൂർണ ഇൻഷുറൻസ് ഉള്ളവർക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങൾക്കും കവറേജ് ലഭിക്കും. ഇത് വിശദമാക്കുന്ന വീഡിയോ ഷാർജ പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.