വിദേശത്ത് നിന്നെത്തിയ ഉംറ തീർഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരിന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്ന് മുഴുവൻ ഉംറ സർവിസ് കമ്പനികൾക്കും മന്ത്രാലയം നിർദേശം നൽകി. തീർഥാടകൻ മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനുള്ളിൽ ‘നുസ്ക്’ ആപ്പിലൂടെയാണ് വിവരം അറിയിക്കേണ്ടത്. പ്രവേശന സ്റ്റാമ്പ് രേഖപ്പെടുത്തിയ തീർഥാടകന്‍റെ പാസ്പോർട്ടിന്‍റെ പകർപ്പും മന്ത്രാലയത്തിന് നൽകിയിരിക്കണം. രാജ്യത്തെ കര, കടൽ, വ്യോമ പ്രവേശനകവാടങ്ങളിൽ എത്തിയ ഉടനെ തീർഥാടകനെ കാണാതായാലും 24 മണിക്കൂറിനുള്ളിൽ മന്ത്രാലയത്തെ അറിയിക്കണം. വിമാനത്താവളത്തിലേക്ക് പോകുമ്പോൾ താമസ കരാറില്ലാതെ തീർഥാടകരെ അയക്കരുതെന്നും നിർദേശമുണ്ട്.