ദുബായ്: യു.എ.ഇ.യിൽ സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രവാസികളടക്കം എല്ലാവരും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഇ-കൊമേഴ്സ്, ഓൺലൈൻ പർച്ചേസ് തുടങ്ങിയവയ്ക്ക് ലഭിക്കുന്ന വമ്പിച്ചസ്വീകാര്യതയുടെ പശ്ചാത്തലത്തിൽ സൈബർതട്ടിപ്പുകളും വർധിക്കുന്നുണ്ട്. ബാങ്കിലെ സേവനഫീസുമായി ബന്ധപ്പെട്ട് ഡെലിവറിസ്ഥാപനങ്ങളുടെ പേരിൽ വ്യാജ ഇ-മെയിൽ അയച്ചുകൊണ്ടാണ് പുതിയ തട്ടിപ്പ് രീതികൾ സജീവമാകുന്നത്. വ്യാജ ഇ-മെയിൽ സന്ദേശങ്ങൾവഴിയുള്ള ഡെലിവറി തട്ടിപ്പിനെക്കുറിച്ച് അബുദാബി പോലീസ് നേരെത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇ-മെയിലിനോടൊപ്പമുള്ള ലിങ്കുകൾ അതീവശ്രദ്ധയോടെ മാത്രം തുറക്കണം. ഉപഭോക്താക്കളെ ആശയകുഴപ്പത്തിലാക്കാൻ പലപ്പോഴും ശരിയായ വിലാസത്തിന് സമാനമായ ഇ-മെയിൽ വിലാസങ്ങളാണ് തട്ടിപ്പുകാർ തിരഞ്ഞെടുക്കുന്നത് എന്നും പോലീസ് പറഞ്ഞു.