ന്യൂഡൽഹി: വിമാനത്തിൽ നൽകുന്ന ഭക്ഷണവിഭവങ്ങളിൽ പുത്തൻ മാറ്റങ്ങളൊരുക്കി എയർ ഇന്ത്യ. എയർ ഇന്ത്യ എക്സ്പ്രസിൽ മുൻപ് ചെറിയ സ്നാക്സ് ആയിരുന്നു നൽകിയിരുന്നത്. 4 മണിക്കൂർ അധികം യാത്ര ചെയ്യുന്നവർക്ക് ഈ ഭക്ഷണം പറ്റില്ല എന്ന പരാതി വന്നതിനെ തുടർന്നാണ് പുതിയമാറ്റം. മാസ്റ്റർഷെഫ് ഇന്ത്യ സീസൺ 5 വിജയിയായ സെലിബ്രിറ്റി മാസ്റ്റർ ഷെഫ് കീർത്തി ബൂട്ടികയാണ് വിഭവങ്ങൾ ഒരുക്കുന്നത്. രാജ്യാന്തര സെക്ടറുകളിൽ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പും ആഭ്യന്തര സെക്ടറിൽ പുറപ്പെടുന്നതിന് 12 മണിക്കൂർ മുമ്പും യാത്രക്കാർക്ക് അവരുടെ ഇൻ-ഫ്ലൈറ്റ് മെനുവിൽ നിന്നും ഭക്ഷണം ബുക്ക് ചെയ്യാം. 300 മുതൽ 600 രൂപ വരെയാണ് വില. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ്, യാത്രക്കാർക്ക് നൽകി വന്നിരുന്ന സൗജന്യ ഭക്ഷണം കഴിഞ്ഞ ദിവസം നിർത്തലാക്കിയിരുന്നു. വ്യോമയാന മേഖലയിൽ വിപണി വിഹിതം വർധിപ്പിക്കുന്നതിന്റെയും ചെലവ് കുറയ്ക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു പുതിയ തീരുമാനം.