റിയാദ്: റിയാദിൽ വിരലടയാളം ദുരുപയോഗം ചെയ്യപ്പെട്ട് സിം കാർഡ് തട്ടിപ്പിൽ കുടുങ്ങി ജയിലിലായ പ്രവാസി മോചിതനായി. തമിഴ്‍നാട് സ്വദേശിയായ മുഹമ്മദ് സഫാൻ ആണ് മൂന്ന് മാസം റിയാദിലെ ജയിലിൽ കഴിഞ്ഞശേഷം മോചിതനായത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ ഫൈനൽ എക്സിറ്റ് വിസക്ക് അപേക്ഷിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പിൽ നിന്ന് സേവനങ്ങൾ തടഞ്ഞതായി സഫാന് അറിയാൻ കഴിഞ്ഞത്. വിവരങ്ങൾ അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ സഫ്‌വാനെ പോലീസ് അന്വേഷണനത്തിനായി കസ്റ്റഡിയിലെടുത്തു. തുടർന്ന് ജയിലിലേക്ക് മാറ്റുകയായിരുന്നു. മൊബൈൽ നമ്പർ ഉപയോഗിച്ച് നടത്തിയ സാമ്പത്തിക തട്ടിപ്പിനാണ് സഫ്‌വാൻ അറസ്റ്റിലായാതെന്ന് അധികൃതർ അറിയിച്ചു. മാസങ്ങൾക്ക് മുമ്പ് റിയാദ് ബത്ഹയിലെ മൊബൈൽ കടയിൽ നിന്ന് സഫാന്‍ സിം കാർഡ് വാങ്ങിയിരുന്നു. വിരലടയാളം ശരിയായില്ലെന്ന് പറഞ്ഞ് മൂന്ന് തവണ ആവർത്തിച്ച് ഇലക്ട്രോണിക് ഡിവൈസിൽ വിരലടയാളം രേഖപ്പെടുത്തിയ സഫ്‌വാൻ കെണിയിൽ അകപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പേരിലെടുത്ത സിം കാർഡ് ഉപയോഗിച്ച് നടത്തിയ തട്ടിപ്പിലാണ് താന്‍ നിയമക്കുരുക്കിൽ അകപ്പെട്ടതെന്നുള്ള കാര്യം അധികൃതര്‍ അന്വേഷിച്ചു ബോധ്യം വരുന്നത് വരെ സഫ്‌വാൻ ജയിൽവാസം അനുഭവിക്കേണ്ടി വന്നു.