അബുദാബി: യു എ ഇ യും ഖത്തറും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കിയതിന്റെ തുടർച്ചയായി എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. തിങ്കളാഴ്ച മുതല്‍ ദോഹയില്‍ യുഎഇ എംബസിയും, അബുദാബിയില്‍ ഖത്തര്‍ എംബസിയും, ദുബൈയില്‍ ഖത്തര്‍ കോണ്‍ലേറ്റും വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. സൗദി അറേബ്യയിലെ അല്‍ ഉലയില്‍ വെച്ച് നടന്ന ഗള്‍ഫ് രാഷ്‍ട്രത്തലവന്മാരുടെ ചര്‍ച്ചയിലാണ് യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചിരിക്കുന്നത്. രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിശ്ചയദാര്‍ഢ്യവും അറബ് രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനവുമാണ് പുതിയ തീരുമാനത്തിലൂടെ വ്യക്തമാവുന്നതെന്ന് അധികൃതര്‍ അറിയിച്ചു.









