അബുദാബി: അബുദാബി വിമാനത്താവളത്തിൽ ഇനിമുതൽ നീണ്ട ക്യൂവിൽ നിന്ന് ബുദ്ധിമുട്ടേണ്ട. പകരം, വീടുകളിൽ നിന്നുതന്നെ ചെക്ക്- ഇൻ നടപടികൾ പൂർത്തീകരിച്ച് ബാഗുകൾ നൽകി ബോർഡിങ് കാർഡ് സ്വീകരിക്കാവുന്ന ഹോം ചെക്ക്-ഇൻ സൗകര്യം അബുദാബിയിൽ ആരംഭിച്ചു. മൊറാഫിക് ഏവിയേഷൻ സർവീസാണ് ഈ സൗകര്യം ഒരുക്കുന്നത്. യാത്ര സമയത്തിന്റെ അഞ്ചു മണിക്കൂർ മുമ്പ് മുതൽ 24 മണിക്കൂർ വരെ സേവനം ലഭ്യമാണ്. യാത്രക്കാരന് സൗകര്യപ്രദമായ സമയം തീരുമാനിച്ച് ആൻഡ്രോയിഡിലും ഐ ഓ എസിലും ലഭിക്കുന്ന മൊറാഫിക് ആപ്ലിക്കേഷൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാം. മൊറാഫിക് ഏവിയേഷന്റെയും ഇത്തിഹാദ് ഗ്രൗണ്ട് സർവീസിന്റെയും ജീവനക്കാർ വീടുകളിൽ എത്തിയാണ് ചെക്ക്- ഇൻ സേവനം നൽകുന്നത്. ഇത്തിഹാദ് വിമാനത്തിൽ യാത്ര ചെയ്യുന്നവർക്കാണ് തുടക്കത്തിൽ സേവനം ലഭിക്കുക. ബാഗുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിരക്ക് ഈടാക്കുക.