കുവൈറ്റ് സിറ്റി: കുവൈറ്റിൽ ഒരു മൊബൈല്‍ ആപ്ലിക്കേഷൻ ഫോണില്‍ ഡൗൺലോഡ് ചെയ്തയുടനെ യുവാവിന് 5900 ദിനാര്‍ നഷ്ടപ്പെട്ടെന്ന് പരാതി. കുവൈറ്റിൽ തന്നെ രജിസ്റ്റർ ചെയ്ത ഒരു ടെലിഫോൺ നമ്പറിൽ നിന്ന് യുവാവിനെ വിളിച്ച അജ്ഞാതന്‍ ലാഭകരമായ നിക്ഷേപ അവസരം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഇത്തരത്തില്‍ ലിങ്കുകൾ അയച്ചുകൊടുത്ത് അതുവഴി മൊബൈല്‍ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് തട്ടിപ്പുകളില്‍ അകപ്പെട്ട മുന്നൂറിലധികം കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. ഓഹരി വിപണികളിലെ നിക്ഷേപം, പെട്രോളിയം മേഖലയിലോ ഡിജിറ്റല്‍ കറന്‍സികളിലെയോ നിക്ഷേപങ്ങള്‍ എന്നിങ്ങനെ വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയാണ് തട്ടിപ്പുകാര്‍ ആളുകളെ സമീപിക്കുന്നത്.