ഷാർജ: മൂന്ന് മാസത്തിനകം വാഹന രജിസ്ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങളുമായി ഷാർജ പൊലീസ്. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ പുതുക്കാൻ ബോധവൽക്കരണ പരിപാടികളോട് കൂടിയ മൂന്ന് മാസം നീണ്ടുനിക്കുന്ന കാമ്പയിനിനാണ് പോലീസ് തുടക്കം കുറിച്ചത്. അറബി, ഇംഗ്ലീഷ്, ഉറുദു എന്നീ മൂന്ന് ഭാഷകളിലായി ബോധവത്കരണ പരിപാടികൾ നടക്കും. വാഹനങ്ങളുടെ സുരക്ഷ ലക്ഷ്യമാക്കിയുള്ള റിന്യൂ യുവർ വെഹിക്കിൾ എന്ന് പേരിട്ടിരിക്കുന്ന കാമ്പയിൻ അടുത്ത മൂന്നു മാസക്കാലം വരെ നീണ്ടുനിൽക്കുമെന്നും, മൂന്ന് മാസത്തിനകം വാഹന രജിസ്ട്രേഷൻ പുതുക്കുന്നവർക്ക് സമ്മാനങ്ങളും കൂടാതെ ഇൻഷുറൻസ്, രജിസ്ട്രേഷൻ, വാഹനപരിശോധന എന്നിവയെല്ലാം ഉൾപ്പെടുന്ന പ്രത്യേക പാക്കേജുകളും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. കടുത്തവേനലിൽ ടയർ, ബ്രേക്ക്, ലൈറ്റുകൾ എന്നിവയ്ക്ക് തകരാറില്ലെന്ന് ഉറപ്പാക്കണമെന്ന് ഷാർജ പോലീസിലെ ട്രാഫിക് ആൻഡ് ഡ്രഗ്സ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. വാഹനങ്ങളുടെ ക്ഷമത പൂർണമായും ഉറപ്പുവരുത്തിയാണ് രജിസ്ട്രേഷൻ പുതുക്കിനൽകുന്നത്. ഈ വർഷം ഇതുവരെ 2,63,804 വാഹനങ്ങൾ പരിശോധിക്കുകയും 3,76,033 വാഹനങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.