അബുദാബി: യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസിൽ ചേരാനുള്ള സമയപരിധി നീട്ടി. ഒക്ടോബർ ഒന്നു വരെയാണ് പുതുക്കിയ സമയപരിധി. തൊഴിലാളികൾക്ക് പദ്ധതിയിൽ ചേരാൻ കൂടുതൽ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണിത്. സമയപരിധി കഴിഞ്ഞും പദ്ധതിയിൽ ചേരാത്തവർക്ക് 400 ദിർഹം പിഴ ചുമത്തുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. ജനുവരി മുതലാണ് യുഎഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് നിർബന്ധമാക്കിയത്. സർക്കാർ, സ്വകാര്യ മേഖലാ, ഫ്രീസോൺ ജീവനക്കാർക്കും ഇൻഷുറൻസ് നിർബന്ധമാണ്. തൊഴിലാളികളാണ് സ്കീമിൽ ചേരേണ്ടതെന്നും തൊഴിലുടമയ്ക്ക് ഇക്കാര്യത്തിൽ ബാധ്യതയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. തൊഴിൽ നഷ്ട ഇൻഷുറൻസിൽ ഇതുവരെ 46 ലക്ഷം പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.