അബുദാബി: ദുബായില്‍ ഇന്ത്യന്‍ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ഹര്‍ജി തള്ളി കോടതി. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ പൗരന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ദുബായി ക്രിമിനല്‍ കോടതി തള്ളിയത്. ഗുജറാത്ത് സ്വദേശികളായ ഹിരണ്‍ ആധിയ, ഭാര്യ വിധി ആധിയ എന്നിവരെ ദുബായില്‍ നിര്‍മാണ ജോലി ചെയ്തിരുന്ന പാക് പൗരന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മോഷണശ്രമം ചെറുക്കുന്നതിനിടെയാണ് പാക് പൗരന്റെ കുത്തേറ്റ് ഗുജറാത്ത് സ്വദേശികളായ ദമ്പതികള്‍ കൊല്ലപ്പെട്ടത്. 2020 ജൂണ്‍ 17നായിരുന്നു സംഭവം. ദുബൈയിലെ ദമ്പതികളുടെ വീട്ടിൽ അറ്റകുറ്റപ്പണിക്കെത്തിയ പ്രതി വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്.