കുവൈത്ത്: കുവൈത്തില്‍ ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ. വേനൽചൂട് കണക്കിലെടുത്ത് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് ഉച്ച സമയത്ത് വിശ്രമം നിർബന്ധമാക്കിയത്. എന്നാൽ ഉച്ചവിശ്രമ നിയമം വ്യാപകമായി ലംഘിക്കപ്പെടുന്നതായുള്ള റിപ്പോർട്ടുകളെ തുടര്‍ന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. നിയമ ലംഘനം കണ്ടാല്‍ മന്ത്രാലയത്തിന്‍റെ വാട്‌സ്ആപ്പ് വഴി ബന്ധപ്പെടണമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു. കുവൈത്തിൽ പകൽ പതിനൊന്നിനും നാലിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു. മാൻപവർ അതോറിറ്റിയിലെ തൊഴിൽ സുരക്ഷവിഭാഗം ഉദ്യോഗസ്ഥർ ഫീൽഡിൽ പരിശോധന സജീവമാക്കിയിട്ടുണ്ട്. നിയമലംഘകരോട് വിട്ടു വീഴ്ച കാണിക്കില്ലെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.