ഷാർജ: ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് പറക്കാനുള്ള വിമാനടിക്കറ്റ് നിരക്ക് 50 ശതമാനത്തോളം വർധിച്ചതായി വിവിധ ട്രാവൽ ഏജൻസികൾ അറിയിച്ചു. ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാനസർവീസ് വളരെ കുറഞ്ഞ സാഹചര്യമായതുകൊണ്ട് മുംബൈ, ന്യൂഡൽഹി തുടങ്ങി വിമാനത്താവളങ്ങളിലെത്തി, അനുബന്ധ വിമാനങ്ങളിൽ കേരളത്തിലേക്ക് പറക്കുന്ന പ്രവാസികളുണ്ട്. ഇത് അധികബാധ്യതയാണ്. പലരും ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങൾ ആസ്വദിക്കാനും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം കാണാനുമായാണ് എത്തുന്നത്. എന്നാൽ തിരിച്ച് കേരളത്തിലേക്കുള്ള മടക്കത്തിനും വേണം ഇരട്ടിത്തുക. ഇതിനുപുറമേ കേരളത്തിൽനിന്ന് മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത, ജയ്‌പുർ എന്നിവിടങ്ങളിലേക്കെല്ലാം 50 ശതമാനത്തോളം ടിക്കറ്റ് നിരക്ക് കൂടി. ഇന്ധനവില കൂടിയതും, ഗോഫസ്റ്റ് എയർലൈനുകൾ നിർത്തിയതുമെല്ലാം ആഭ്യന്തര വിമാനയാത്ര ടിക്കറ്റ് നിരക്ക് വർധനയ്ക്ക് കാരണമായെന്നാണ് വിലയിരുത്തൽ.