അബുദാബി: യു എ ഇ യിൽ 2000 നോട്ടുകളുടെ വിനിമയം അവസാനിപ്പിക്കാനൊരുങ്ങി ധനവിനിമയ സ്ഥാപനങ്ങൾ. ഇന്ത്യയിൽ 2000 രൂപ നോട്ടുകൾ വിപണിയിൽനിന്ന് പിൻവലിക്കാനുള്ള റിസർവ് ബാങ്ക് തീരുമാനത്തിന്റെഭാഗമായാണ് യു.എ.ഇ.യിലും നോട്ടുകളുടെ വിനിമയംനിർത്തുന്നത്. ആർ.ബി.ഐ. ഉത്തരവുപ്രകാരം ഇന്ത്യയിലെ ബാങ്കുകളിൽ സെപ്റ്റംബർ വരെ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കാനാവസരമുണ്ടെങ്കിലും യു.എ.ഇ.യിലെ സ്ഥാപനങ്ങൾ മുൻകൂട്ടി വിനിമയം അവസാനിപ്പിക്കുകയാണ്. ഇന്ത്യൻ രൂപ ആവശ്യമുള്ളവർ ധനവിനിമയ സ്ഥാപനങ്ങളിൽനിന്ന് 2000 രൂപ നോട്ടുകൾ വേണ്ടെന്ന് അങ്ങോട്ട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. നാട്ടിലെത്തി ഇത്തരംനോട്ടുകൾ ബാങ്കുകളിൽ ഏൽപ്പിക്കാനുള്ള സമയക്കുറവുകാരണമാണ് 2000 രൂപ നോട്ടുകൾ ഇത്തരക്കാർ ഒഴിവാക്കുന്നത്. പകരം 500 രൂപ നോട്ടുകൾക്ക് ആവശ്യക്കാർ വർധിച്ചതായും ഷാർജയിലെ ധനവിനിമയ സ്ഥാപനങ്ങളിലെ മലയാളി ജീവനക്കാർ പറഞ്ഞു.