യു എ ഇ: പരിസ്ഥിതി സൗഹൃദത്തിന് മാതൃകയായി യുഎഇ. പച്ചപ്പിനെ പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യുകയാണ് രാജ്യം. കണ്ടൽച്ചെടികൾ ഉൾപ്പടെയുള്ളവ നട്ടുപിടിപ്പിച്ച് വനവത്കരണത്തിന്റെ ആവശ്യകത ഓർമിപ്പിക്കുന്ന രാജ്യത്തിന്റെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പൗരന്മാർ മാത്രമല്ല പ്രവാസികളും വർഷങ്ങളായി സജീവമാണ്. യു.എ.ഇ.യുടെ ജൈവവൈവിധ്യം മുഖ്യവിഷയമായെടുത്തുകൊണ്ട് വിദ്യാർഥികൾ അക്കാദമിക് പഠനങ്ങളും നടത്തുന്നുണ്ട്. ഭൂമിയെ സംരക്ഷിക്കാനുള്ള സന്നദ്ധപ്രവർത്തനങ്ങളിൽ കൂടുതൽപ്പേർ സഹകരിക്കുന്നതിൽ എമിറേറ്റ്സ് ഫൗണ്ടേഷൻ അടക്കമുള്ള സർക്കാർ നിയന്ത്രണ സംഘടനകൾ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. നവംബർ വരെ നീണ്ടുനിൽക്കുന്ന വിവിധ പാരിസ്ഥിതിക പ്രവർത്തനങ്ങളിൽ എമിറേറ്റ്സ് ഫൗണ്ടേഷൻ സംരംഭമായ ‘തക്കാത്തോഫ്’ വഴി 400 സന്നദ്ധപ്രവർത്തകർ പങ്കെടുക്കുന്നുണ്ടെന്നും, പരിസ്ഥിതി സംരക്ഷണവും പരിപാലനവും വരുംകാലത്തിന്റെ കൂടി ആവശ്യകതയാണെന്നും യു.എ.ഇ. സർക്കാർ ഓർമിപ്പിച്ചു.