കുവൈറ്റ് സിറ്റി: കുവൈത്തിലേക്ക് കൂടുതൽ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ എത്തിക്കാൻ നീക്കം. നിലവിൽ കുവൈത്തിൽ ധാരാളം പ്രവാസികളുള്ള രാജ്യങ്ങൾ ഒഴികെയുള്ള, മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള നടപടികൾ കൈക്കൊള്ളാനാണ് ഉപപ്രധാന മന്ത്രി നിർദ്ദേശം നൽകിയത്. പുതിയ തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി സംസാരിച്ച് നടപടി സ്വീകരിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശമെന്ന് മാൻപവര്‍ പബ്ലിക് അതോറിറ്റി അറിയിച്ചു. രാജ്യത്തെ ചില മേഖലകളില്‍ നിലനില്‍ക്കുന്ന തൊഴിൽക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് ഈ നടപടികൾ. തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്നതിലൂടെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനും രാജ്യത്തിനു സാധിക്കും.