അബുദാബി: പ്രവാസികൾക്ക് ലോകത്തെവിടെ നിന്നും കേരളത്തിലെ റവന്യൂ സർവ്വേ സേവനങ്ങൾ പൂർത്തിയാക്കാവുന്ന ‘പ്രവാസി മിത്രം’ പോർട്ടൽ ബുധനാഴ്ച്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വർഷങ്ങളുടെ ഇടവേളകളിൽ അവധിക്ക് കേരളത്തിൽ എത്തുന്നവർക്ക് റവന്യു ഓഫിസുകളിൽ സമർപ്പിച്ച അപേക്ഷകളുടെ തുടർനടപടികൾ ഇനി വെബ്സൈറ്റ് വഴി യഥാസമയം അറിയാമെന്നതാണ് പോർട്ടൽ കൊണ്ടുള്ള നേട്ടം. ചുവപ്പുനാടയിൽ കുരുങ്ങാതെ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ഇതു സഹായകമാകുമെന്നാണ് വിലയിരുത്തൽ.പോർട്ടലിലൂടെ ലഭിക്കുന്ന പരാതികളും അപേക്ഷകളും കൈകാര്യം ചെയ്യുന്നതിനായി കലക്ടറേറ്റുകളിൽ ഡപ്യൂട്ടി കലക്ടറുടെയും ലാൻഡ് റവന്യു കമ്മിഷണറുടെയും ഓഫിസിൽ, അസി. കമീഷണറുടെ നേതൃത്വത്തിൽ പ്രവാസി സെൽ പ്രവർത്തിക്കും.