അബുദാബി: യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ നിര്‍ത്തലാക്കിയതോടെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലേക്കു പോകാനാകാതെ കിടപ്പു രോഗികള്‍. നിലവില്‍ കൊച്ചിയിലേക്ക് മാത്രമാണ് എയര്‍ ഇന്ത്യ സര്‍വീസ് നടത്തുന്നത്. എന്നാല്‍, കൊച്ചിയിലേക്കുള്ള സര്‍വീസില്‍ സാങ്കേതിക കാരണം പറഞ്ഞു മാര്‍ച്ച് 10 മുതല്‍ കിടപ്പു രോഗികളെ കൊണ്ടു പോകുന്നില്ല. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ചെറിയ വിമാനങ്ങളില്‍ കിടപ്പുരോഗികളെ കൊണ്ടു പോകാനുള്ള സൗകര്യമില്ലാത്തതിനാല്‍ സ്വകാര്യ, വിദേശ എയര്‍ലൈനുകളെ ആശ്രയിക്കണമെങ്കില്‍ ഇരട്ടിയിലേറെ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരും. യുഎഇയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയില്‍ മാസങ്ങളോളം ചികിത്സയില്‍ കഴിയുന്നവരാണിവരില് ഭൂരിഭാഗവും. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാനുള്ള അവസരമാണ് വിമാന സര്‍വീസ് നിലച്ചതോടെ ഇല്ലാതായതെന്നു സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.