സൗദി അറേബ്യ: സൗദിയിൽ പെട്രോളിൽ മായം ചേർത്തെന്ന കേസിൽ കുടുങ്ങിയ രോഗിയായ മലയാളിക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങി. കൊല്ലം സ്വദേശി ഷാജി ഹസ്സൻകുട്ടിയാണ് പതിനൊന്ന് വർഷം മുൻപ് കേസിൽപ്പെട്ടത്. ഷാജി ജോലി ചെയ്യാൻ ഉദ്ദേശിച്ചിരുന്ന പെട്രോൾ പമ്പ് മായം ചേർത്ത കേസിൽ അടപ്പിച്ചിരുന്നു. ഇതോടെ, ജോലിക്ക് കയറാൻ പെട്രോൾ പമ്പിന് ഉത്തരവാദിത്തമുള്ളയാൾ വേണെമെന്ന് പറഞ്ഞ് സ്ഥാപനം ഓതറൈസേഷൻ ലെറ്ററിൽ ഷാജിയെ കൊണ്ട് ഒപ്പു വെപ്പിച്ചതാണ് കേസിൽ അകപ്പെടാൻ കാരണം. പെട്രോൾ സ്റ്റേഷന്റെ ഉത്തരവാദിത്തം മലയാളിക്കാണെന്ന് കാണിച്ച് പാസ്പോർട്ട് ഉപയോഗിച്ച് സ്പോൺസർ നേരത്തെ ഓതറൈസേഷൻ ലെറ്റർ തയ്യാറാക്കിയിരുന്നു. ഈ കത്താണ് മലയാളിയായ ഷാജി ഹസന് വിനയായത്. കേസിൽ പിന്നീട് പ്രശ്നമൊന്നും ഇല്ലാത്തതിനാൽ ഷാജി നാട്ടിൽ പോയി മടങ്ങി വന്നു. ഇതിനു ശേഷമാണ് കേസ് സിസ്റ്റത്തിൽ കയറുന്നത്. അസുഖ ബാധിതനായി നാട്ടിൽ പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ അധികൃതർ യാത്ര തടഞ്ഞതോടെയാണ് കേസിൽ കുടുങ്ങിയ കാര്യം ഷാജി അറിയുന്നത്. രണ്ടു കിഡ്‌നികളും തകരാറിലായി നാട്ടിലേക്കു പോവാൻ കഴിയാതെ പ്രയാസപ്പെടുന്ന ഷാജി ഒരു മലയാളി നേഴ്സിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് മക്കയിലെ ഒഐസിസി സനദ്ധപ്രവർത്തകർ പ്രശ്നം ഏറ്റെടുത്തത്.