അബുദാബി: സൗദിയിൽ കോവിഡ് വകഭേദത്തിനെതിരെ പ്രതിരോധ കുത്തിവെപ്പ് നൽകി ആരോഗ്യ മന്ത്രാലയം. രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വാക്സിനുകളുടെ വിതരണം ആരംഭിച്ചത്. നിലവിലെ കോവിഡ് വാക്സിനുകൾ സ്വീകരിച്ച് രണ്ട് മാസം പിന്നിട്ടവർക്ക് പുതിയ വാക്സിൻ സ്വീകരിക്കാമെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആക്ടിവേഷൻ ഡോസുകളായാണ് കുത്തിവെപ്പെടുക്കുന്നത്. മൈ ഹെൽത്ത് ആപ്ലിക്കേഷൻ വഴി കോവിഡ് വാക്സിന് ബുക്ക് ചെയ്യാം. പ്രായമായവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, വിട്ടുമാറാത്ത അസുഖമുള്ളവർ, ഉയർന്ന പകർച്ചവ്യാധി, അപകട സാധ്യതയുള്ള മേഖലകളിൽ ജോലിചെയ്യുന്നവർ എന്നിവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.