അബുദാബി : വ്യാജ റിക്രൂട്മെന്റ് വഴി യുഎഇയിൽ എത്തിയ ഒട്ടേറെ മലയാളി വനിതകൾ ജോലിയില്ലാതെ ബുദ്ധിമുട്ടുന്നതായി മാധ്യമ റിപോർട്ടുകൾ. ബേബി സിറ്റർ, ഹൗസ്മെയ്ഡ്, ഹോംനഴ്സ് തുടങ്ങിയ ജോലിക്കായി എത്തിച്ച പലർക്കും വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളമോ ലഭിച്ചിട്ടില്ല. സന്ദർശക വീസ നൽകി ഒരു ലക്ഷം മുതൽ 1.8 ലക്ഷം രൂപ വരെയാണ് ഏജന്റുമാർ ഈടാക്കിയത്. 1800 ദിർഹം ശമ്പളത്തിന് ഡേ കെയർ സെന്ററിൽ ജോലി വാഗ്ദാനം ചെയ്ത മലപ്പുറം സ്വദേശിനിയെ ഏജന്റ് എത്തിച്ചത് ലേബർ സപ്ലെ കമ്പനിയിൽ. നാട്ടിൽ നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ഇവരോട് 1300 ദിർഹം ശമ്പളത്തിന് വീട്ടുജോലിക്കു പോകാനായിരുന്നു നിർദേശമെന്ന് റിപ്പോർട്ടിൽ പറയുന്നു. വീട്ടുകാർ 1000 ദിർഹമാണ് ശമ്പളം നൽകിയത്. വിശ്രമമില്ലാതെ ജോലി ചെയ്യിക്കുകയും കൃത്യമായി ഭക്ഷണം പോലും നൽകാതെ പ്രയാസപ്പെടുത്തുകയും ചെയ്തതോടെ തന്നെ തിരിച്ചു ഏജൻസി ഓഫിസിൽ എത്തിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇതോടെ വീസ റദ്ദാക്കി യുവതിയെ തിരിച്ചയക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശ രാജ്യങ്ങളിൽ തൊഴിൽ അന്വേഷിക്കുന്നവർ നോർക്ക വഴിയോ അതാതു രാജ്യത്തെ ഇന്ത്യൻ എംബസി മുഖേനയോ വീസ നിജസ്ഥിതി ഉറപ്പുവരുത്തണം. കേന്ദ്രസർക്കാരിന്റെ ഇ–മൈഗ്രേറ്റ് സംവിധാനം വഴിയാണെങ്കിൽ തൊഴിൽ സുരക്ഷയും ഉറപ്പാക്കാം.









