സൗദി അറേബ്യ: സൗദി അറേബ്യയില്‍ ആറംഗ കവർച്ച സംഘത്തിന്റെ ആക്രമണത്തിൽ മലയാളിക്ക് ഗുരുതര പരിക്കേറ്റു. തിരുവനന്തപുരം സ്വദേശി ബിനുവിനാണ് പരിക്കേറ്റത്. ജോലി കഴിഞ്ഞ് രാത്രി എട്ടോടെ ബത്ഹയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ബിനുവിനെ മോഷ്ടാക്കള്‍ പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. പിടിവലിക്കിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രവാസിയെ അക്രമികൾ പിന്തുടർന്ന് പിടികൂടി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഇരുകാലുകളും അടിച്ചൊടിക്കുകയും കൈവശമുണ്ടായിരുന്ന പേഴ്സും മൊബൈൽ ഫോണും തട്ടിയെടുക്കുകയുമായിരുന്നു. ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റ ബിനു ചികിത്സ തേടി. പ്ലാസ്റ്ററിട്ട കാലുകളുമായി റൂമിൽ കഴിയുകയാണ് ഇയാൾ. ദൈനംദിന ആവശ്യങ്ങൾക്ക് പോലും പരസഹായമില്ലാതെ കഴിയില്ലെന്ന അവസ്ഥയില്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് വെൽഡിങ് ജോലിക്കാരനായ ബിനു.