ദുബായ്: ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് വിമാനക്കമ്പനികൾ. വിഷു, ഈസ്റ്റർ, റംസാൻ, സ്കൂൾ വേനലവധി എന്നിവ ലക്ഷ്യമിട്ടാണ് വിമാനക്കമ്പനികൾ യാത്രക്കാരുടെ പോക്കറ്റ് കാലിയാക്കുന്നത്. മുൻ വർഷങ്ങളിലും ഈ സമയത്ത് ടിക്കറ്റ് നിരക്ക് കമ്പനികൾ ഉയർത്താറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഗൾഫ് – കേരള യാത്രയ്ക്ക് നാലിരട്ടി ടിക്കറ്റ് വർധനയാണ് ഏർപ്പെടുത്തിയിയിരിക്കുന്നത്. ഖത്തറിലേക്കാണ് വലിയ ടിക്കറ്റ് വർധനവ്. ഖത്തറിലേക്ക് 15000 വരെ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്ക് 40,000 ത്തിലേക്ക് ഉയരുകയും, കൂടാതെ കരിപ്പൂർ നിന്ന് ഖത്തറിലേക്ക് 15000 വരെ ഉണ്ടായിരുന്ന നിരക്ക് 40,000 ത്തിലേക്ക് ഉയർത്തുകയും ചെയ്തു. ദുബായിലേക്ക് 31,000 രൂപയായി. നെടുമ്പാശ്ശേരി – ദുബായ് യാത്രക്ക് 12,000 വരെയുള്ള നിരക്ക് 30000 ലേക്ക് ഉയർത്തി. കണ്ണൂർ, തിരുവനന്തപുരം എയർപോർട്ടുകളിൽ നിന്നും ഇതേ നിരക്ക് തന്നെയാണ് ഏർപെടുത്തിയിരിക്കുന്നത്. അതേസമയം വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെൽ ആവശ്യപ്പെട്ട് പ്രവാസി സംഘടനകൾ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ്.