അബുദാബി: അബുദാബിയിൽ പോലീസെന്ന വ്യാജേനെ പ്രവാസികൾക്കിടയിൽ മെസേജ് അയച്ച് തട്ടിപ്പ് നടത്തുന്നത് വ്യാപകമാവുന്നു. ദുബൈയിൽ സെയില്സിൽ ജോലി ചെയ്യുന്ന ഷമീമിനാണ് അബുദാബി പോലീസ് എന്ന വ്യാജേനെ മെസേജ് വന്നത്. താങ്കൾ രാജ്യത്തിൻറെ നിയമത്തിനു നിരക്കാത്ത കുറ്റകൃത്യങ്ങളിൽ അകപ്പെട്ടിട്ടുണ്ടെന്നും സെക്സ് റാക്കറ്റുമായി ബന്ധമുള്ള കുറ്റകൃത്യമായതിനാൽ പിഴയായി 16500 ദിർഹം ഉടൻ അടക്കണമെന്നുമായിരുന്നു സന്ദേശം. പണം ഉടൻ നൽകിയില്ലെങ്കിൽ ലൊക്കേഷൻ നോക്കി പിടികൂടുമെന്നും മെസേജിലുണ്ടായിരുന്നു. താൻ ചെയ്ത തെറ്റ് എന്താണെന്നു അറിയണമെന്നും പിടികൂടുന്നതിന് മുൻപ് പോലീസ് സ്റ്റേഷനിൽ ഹാജരാകാമെന്നും ഷമീം അറിയിച്ചതിനെ തുടർന്ന് ദുബായ് പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഷമീം ഹെഡ് ക്വാർട്ടേഴ്സിൽ നേരിട്ട് ചെന്ന് വിവരങ്ങൾ തിരക്കുകയും ഇത്തരം മെസേജ് വ്യാജമാണെന്നും പോലീസ് അറിയിക്കുകയും ചെയ്തു. ബാങ്ക് മുഖേനെയോ നേരിട്ടോ പണം ആർക്കും കൈമാറരുതെന്ന് പോലീസ് പൊതുജനങ്ങളെ അറിയിച്ചു. മലയാളികൾ അടക്കമുള്ള പ്രവാസികൾ ഇത്തരം തട്ടിപ്പിന് ഇരയാകാറുണ്ട്.