റിയാദ് : ‘റിയാദ് എയർ’ എന്ന പേരിൽ പുതിയ ദേശീയ വിമാനക്കമ്പനി പ്രഖ്യാപിച്ച് സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്‍. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ടിന്റെ പൂർണ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന ‘റിയാദ് എയർ’ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് വൻകരകൾക്കിടയിൽ സൗദിയുടെ വ്യാപാര, വിനോദ സഞ്ചാര ലക്ഷ്യസ്ഥാനങ്ങൾ ഉറപ്പാക്കും. റിയാദിനെ ലോകത്തിലേക്കുള്ള പ്രധാന കവാടമാക്കുകയെന്ന ലക്ഷ്യവും പുതിയ പ്രഖ്യാപനത്തിന് പിന്നിലുണ്ട്. പബ്ലിക് ഇൻവെസ്റ്റ്‌മെൻറ് ഫണ്ട് ഗവർണർ യാസിർ അൽ റുമയ്യാനാണ് റിയാദ് എയറിന്റെ ചെയർമാൻ. പുതിയ സാങ്കേതിക വിദ്യയും സുരക്ഷാ മാനദണ്ഡങ്ങളുമുള്ള വിമാനങ്ങൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന റിയാദ് എയർ ഒരു ലോകോത്തര വിമാന കമ്പനിയായിരിക്കും.