സിക്ക് സമുദായത്തിൽ നിന്നുള്ള ആദ്യ അമേരിക്കൻ വനിതാ ജഡ്‌ജ് ടെക്സസിലെ ഹാരിസ് കൗണ്ടിയിൽ ചുമതലേയേറ്റു. രണ്ടു പതിറ്റാണ്ടായി അറ്റോണി ആയിരുന്ന മൻപ്രീത് മോണിക്ക സിംഗ് ജനിച്ചു വളർന്നത് ഹ്യുസ്റ്റണിലാണ്. ഇപ്പോൾ ബെലയറിൽ ഭർത്താവും രണ്ടു കുട്ടികളുമൊത്തു താമസം.
ഇന്നു താൻ ചരിത്രം സൃഷ്ടിച്ചെങ്കിലും ഇത്തരം നിയമനങ്ങൾ സാധാരണമാവുന്ന കാലം വിദൂരമല്ലെന്നു മൻപ്രീത് ഫേസ്ബുക്കിൽ എഴുതി. എണ്ണാൻ കഴിയാത്തത്ര സിക്കുകാരും മറ്റു ന്യൂനപക്ഷങ്ങളും യുഎസ് ജുഡീഷ്യറിയിൽ എത്തും. “പഠിക്കുന്ന കുട്ടികൾക്ക് ഇത് പ്രധാനമാണ്. പഠിച്ചാൽ എത്തി ചേരാവുന്ന ഒരു മികച്ച തൊഴിൽ കൂടി അവർക്കു കണ്ടു പഠിക്കാം.” പൗരാവകാശ പ്രസ്ഥാനങ്ങളുടെ സഹയാത്രികയാണ് മൻപ്രീത്. ടെക്സസിലെ ആദ്യ ദക്ഷിണേഷ്യൻ ജഡ്ജ് രവി സാൻഡിൽ ആണ് മൻപ്രീതിന്റെ സത്യപ്രതിജ്ഞയിൽ അധ്യക്ഷത വഹിച്ചത്. മൻപ്രീത് സിക്ക് സമുദായത്തിന്റെ മാത്രം പ്രതിനിധിയല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളക്കാരല്ലാത്ത എല്ലാ സ്ത്രീകളുടെയും പ്രതിനിധിയാണ്.