നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന സാന്ത്വന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ചിറയന്‍കീഴ് താലൂക്കിലെ പ്രവാസികള്‍ക്കായി സിസംബര്‍ 17 ന് ( ശനിയാഴ്ച ) ആദാലത്ത് സംഘടിപ്പിക്കുന്നു. നോര്‍ക്ക റൂട്ട്സിന്റെ തൈക്കാടുളള ഹെഡ്ഡോഫീസിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഒതന്റിക്കേഷന്‍ സെന്ററിലാണ് അദാലത്ത് നടക്കുക.
അദാലത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുളളവര് ഡിസംബര്‍ 14 ന് മുന്‍പായി 8281004901, 8281004902 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ചിറയന്‍കീഴ് താലൂക്കില്‍ ഉള്‍പ്പെടുന്നവര്‍ മാത്രമേ ഈ അദാലത്തിലേയ്ക്ക് അപേക്ഷ നല്‍കേണ്ടതുളളൂ. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ അദാലത്തില്‍ പ്രവേശനമുണ്ടാകൂ. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org എന്ന വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. മുന്‍പ് ധനസഹായം ലഭിച്ചവരും അപേക്ഷ നല്കിയവരും വീണ്ടും അദാലത്തില്‍ പങ്കെടുക്കേണ്ടതില്ല.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയവര്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍
നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന ദുരിതാശ്വാസ ധനസഹായ പദ്ധതിയാണ് ‘സാന്ത്വന’. ചികിത്സാ സഹായം, മകളുടെ വിവാഹത്തിന് ധനസഹായം, മരണപ്പെട്ട പ്രവാസിയുടെ ആശ്രിതര്‍ക്കുളള ധനസഹായം (നിബന്ധനകള്‍ക്ക് വിധേയമായി ) എന്നിവ പദ്ധതി പ്രകാരം ലഭിക്കും. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, വിവാഹ ധനസഹായമായി 15,000 രൂപയും അംഗപരിമിത പരിഹായ ഉപകരണങ്ങള്‍ക്ക് 10000 രൂപയും സാന്ത്വന പദ്ധതി പ്രകാരം ലഭ്യമാണ്. വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെയുളളവര്‍ക്കാണ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ കഴിയുക. ഒരാള്‍ക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമര്‍പ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകന് വിദേശത്തായിരിക്കാന്‍ പാടില്ല.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കോ, അവരുടെ കുടുംബാംഗങ്ങള്‍ക്കോ ആണ് അപേക്ഷിക്കാന്‍ കഴിയുക.