ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വിവാഹബന്ധം വേര്‍പെടുത്താനൊരുങ്ങുന്നു. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കാനുള്ള ഒുരുക്കത്തിലാണ് ദമ്പതികളെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറെ നാളായി ഇരുവരും വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ദമ്പതികള്‍ക്ക് നാല് വയസ് പ്രായമായ മകനുണ്ട്. മകന്‍ ഇഷാന്‍ നിലവില്‍ ദുബൈയില്‍ സാനിയയ്ക്കൊപ്പമാണ് കഴിയുന്നത്.
സംശയമുണര്‍ത്തുന്ന തരത്തിലുള്ള സാനിയയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കു പിന്നാലെയാണ് ഇരുവരും വേര്‍പിരിഞ്ഞതായുള്ള തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പും സ്റ്റോറിയും ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. ‘തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു? അല്ലാഹുവിനെ കണ്ടെത്താന്‍’ എന്നായിരുന്നു സാനിയയുടെ ചര്‍ച്ചയായ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ദിവസങ്ങള്‍ക്കുമുന്‍പ് മകന്‍ ഇഷാനൊപ്പമുള്ള ചിത്രം പങ്കുവച്ചും സൂചനകള്‍ നല്‍കിയിരുന്നു താരം. കഠിനമായ ദിനങ്ങളില്‍ മുന്നോട്ടുപോകാന്‍ സഹായിക്കുന്ന നിമിഷങ്ങള്‍ എന്ന അടിക്കുറിപ്പായിരുന്നു കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം ചേര്‍ത്തിരുന്നത്.
മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും പ്രത്യേക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും ദിവസങ്ങള്‍ക്കുമുന്‍പും സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ദൈവത്തെ വിശ്വസിക്കണമെന്നും ഏറ്റവും നല്ല മാര്‍ഗത്തിലൂടെ അവന്‍ നമ്മെ നയിക്കുമെന്നും സാനിയ കുറിച്ചു. ”നിന്റെ ആത്മാവ് തളര്‍ന്നിരിക്കുകയാണെന്ന് അല്ലാഹുവിന് അറിയാം. ഇപ്പോള്‍ കടന്നുപോകുന്നതെല്ലാം നിനക്ക് ഉള്‍ക്കൊള്ളാനാകുന്നില്ലെന്നും നീ ചോദിച്ചുകൊണ്ടിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ടെന്നും അവന് അറിയാം. നീ ആശയക്കുഴപ്പത്തിലാണ്, സമാധാനം അന്വേഷിക്കുകയാണെന്നെല്ലാം അവന്റെ അറിവിലുണ്ട്. എന്നാല്‍, നിനക്ക് ഏറ്റവും നല്ലതെന്താണെന്ന അറിവും അവനുണ്ട്. ആ ദിശയിലേക്ക് അവന്‍ നിന്നെ എപ്പോഴും നയിക്കും. അവനെ വിശ്വസിക്കുക.”-ഇന്‍സ്റ്റ സ്റ്റോറിയില്‍ സാനിയ കുറിച്ചു.
മറ്റൊരു സ്റ്റോറിയില്‍ സ്വന്തമായുള്ള ഇടങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും താരം സൂചിപ്പിച്ചു. ”നമ്മള്‍ എല്ലാവരെയും പോലെ ചിലപ്പോള്‍ ഒരു പ്രത്യേക ഇടം അവളും തേടുന്നുണ്ട്. നമ്മള്‍ നിശബ്ദമായിരിക്കുന്ന, പുറംലോകത്തെ ബഹളങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന ഒരിടം. അവിടെ നമുക്ക് സ്വന്തം ആത്മാവിന്റെ മന്ത്രങ്ങള്‍ കേള്‍ക്കാനാകും.”-സാനിയ സൂചിപ്പിച്ചു. 2010ലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ശുഐബ് മാലിക്കും വിവാഹിതരാകുന്നത്. 2018ല്‍ ഇവര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. കഴിഞ്ഞയാഴ്ച ദുബൈയില്‍ വച്ചാണ് സാനിയയും ശുഐബ് മാലിക്കും ഇഷാന്റെ നാലാം ജന്മദിനം ആഘോഷിച്ചത്.