സന്ദര്‍ശക വിസയിലെത്തി ശേഷം ജോലി ചെയ്യുന്ന വിദേശികള്‍ക്കെതിരെ കര്‍ശന നിയമ നടപടിക്കൊരുങ്ങി ബഹ്റൈന്‍. തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബഹ്റൈനിലെ നിയമപ്രകാരം വിസിറ്റ് വിസയില്‍ രാജ്യത്തെത്തുന്ന ഒരാള്‍ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ കടുത്ത നടപടികള്‍ക്ക് വിധേയമാകുമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
ഏകദേശം 90,000 പ്രവാസികള്‍ ബഹ്റൈനില്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ബഹ്റൈനില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരുടെ എണ്ണം അപകടകരമാം വിധം വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തെ ആകെ നാലര ലക്ഷത്തോളം വരുന്ന പ്രവാസികളില്‍ 25 ശതമാനത്തോളം പേര് ഇത്തരത്തില്‍ ജോലി ചെയ്യുന്നത് ഗൗരവതരമാണെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിസിറ്റ് വിസയിലെത്തി ജോലി ചെയ്യുന്നതായി കണ്ടെത്തിയാല്‍ അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.