ഡ്രൈവിങ് ലൈസന്‍സിന്റെ മറവില്‍ നിയമ ലംഘനം നടത്തുന്നവരെ കണ്ടെത്താന്‍ നടപടി ശക്തമാക്കി കുവൈത്ത്. കുവൈത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‌മദിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.
ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ലൈസന്‍സ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസന്‍സുകള്‍ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 8 ലക്ഷം ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്.