ടെക്സസിൽ കൂട്ടക്കൊല ചെയ്യപ്പെട്ട ഇന്ത്യൻ കുടുംബത്തിന് ആദരാഞ്ജലി അർപ്പിക്കാൻ മെർസെഡ് കൗണ്ടിയിലെ ഇന്ത്യൻ അമേരിക്കൻ സമൂഹം മെഴുകുതിരികൾ കത്തിച്ചു ഒത്തു ചേർന്നു. തിങ്കളാഴ്ച വ്യാപാര സ്ഥലത്തു നിന്ന് തട്ടിക്കൊണ്ടു പോയ ജസ്‍ദീപ് സിംഗ് (36), ഭാര്യ ജസ്‌ലീൻ കൗർ (27), എട്ടു മാസം മാത്രം പ്രായമുള്ള പുത്രി ആരൂഹി, ബന്ധു അമൻദീപ് സിംഗ് (39) എന്നിവരുടെ ജഡങ്ങൾ ബുധനാഴ്ചയാണു കണ്ടെത്തിയത്.
കുടുംബത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജീസസ് മാനുവൽ സൽഗാഡോ (48) എന്നയാളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. അയാളുടെ കുടുംബം തന്നെയാണ് പൊലിസിനു വിവരം നൽകിയത്.
ഇന്ത്യൻ അമേരിക്കൻ സമൂഹം സംഘടിപ്പിച്ച അനുശോചന കൂട്ടായ്‌മയിൽ വിവിധ മത നേതാക്കൾ സംസാരിച്ചു. നാലു രാത്രി ഈ ദുഃഖാചരണം നടക്കും. മെർസെഡ് സമൂഹത്തിന്റെ ഹൃദയം തകർന്നു പോയെന്നു മേയർ മാത്യു സെറാട്ടോ പറഞ്ഞു. “രോഷമുണ്ട്, ദുഖമുണ്ട്; പക്ഷെ ഞങ്ങൾ ഇതാ ഒന്നായി ഇവിടെയുണ്ട്.” സാമ്പത്തിക സഹായം ആവശ്യമില്ലെന്നു സിംഗിന്റെ ബന്ധുക്കൾ കൗണ്ടി ഷെരീഫിനെ അറിയിച്ചതു കൊണ്ട് അതിനുള്ള ശ്രമമൊന്നും നടത്തിയിട്ടില്ല. ദുഖിക്കാനുള്ള സമയം ആയതു കൊണ്ട് തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്നും കുടുംബം അഭ്യർഥിച്ചിരുന്നു.