പ്രവാസികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ 25 വര്‍ഷത്തെ നോര്‍ക്ക വകുപ്പിന്റെയും നോര്‍ക്ക റൂട്ട്സിന്റെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് യോഗത്തില്‍ സി. ഇ. ഒ കെ. ഹരികൃഷ്ണന് നമ്പൂതിരി വിശദീകരിച്ചു. കോവിഡ് സമയത്ത് പ്രവാസി മലയാളികള്‍ക്കായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ഓണ്‍ലൈനായി ഏര്‍പ്പെടുത്തിയ നടപടികള്‍ ഉള്‍പ്പെടെ അടിയന്തിര സാഹചര്യങ്ങളിലെ നോര്‍ക്ക റൂട്ട്സിന്റെ ഇടപെടലുകളും യോഗത്തില്‍ വിശദീകരിച്ചു. പ്രവാസികളുടെ കൃത്യമായ ഡാറ്റകള്‍ ലഭ്യമാകേണ്ടത് അടിയന്തിരസാഹചര്യങ്ങളിലെ ഇടപെടലുകള്‍ക്കും, വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിലും സഹായകരമാകുമെന്ന് യോഗം വിലയിരുത്തി. വിവിധ സംസ്ഥാനങ്ങളില്‍ നോര്‍ക്ക മാതൃകയിലുളള സംവിധാനത്തിന്റെ അനിവാര്യതയും യോഗം ചര്‍ച്ച ചെയ്തു.
തൈക്കാട് നോര്‍ക്ക സെന്ററിന്റെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ സംബന്ധിച്ച് ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യാം.ടി.കെ എന്നിവര്‍ വിശദീകരിച്ചു. എന്‍. എസ്. ഡി.സി യെ പ്രതിനിധീകരിച്ച് പ്രശാന്ത് കത്യാര്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് എന്‍ഗേജ്മെന്റ് ഓഫീസര്‍മാരായ ശൈലേന്ദ്ര സര്‍ക്കാര്‍, മസോത്മി സിമിഖ് എന്നിവരും ശതാബ്ദി (മഹാരാഷ്ട്ര) ഹിമാംശി ശെഖാവത്ത് ( വാരാണസി) കേരള ലക്ഷദ്വീപ് ചുമതലയുളള നിഖില്‍ ജോസ് എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.