അമേരിക്കയിലേക്കു പറന്നെത്തുന്ന യാത്രക്കാർക്കു പല ഭക്ഷണ സാധനങ്ങളും കൊണ്ടുവരുന്നതിൽ നിന്നു വിലക്ക്. ഭക്ഷണ സാധനങ്ങളോടൊപ്പം രോഗാണുക്കളും വരുന്നു എന്നു കണ്ടെത്തിയതിനെ തുടർന്നാണിത്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി പി ബി) ഉദ്യോഗസ്ഥർ നൽകുന്ന താക്കീത്, കരയിലോ കടലിലോ ആകാശത്തു കൂടിയോ നിരോധിക്കപ്പെട്ട ഭക്ഷണസാധനങ്ങൾ കൊണ്ടു വരുന്നവർക്കു 10,000 ഡോളർ വരെ പിഴ ഏതു യു എസ് അതിർത്തിയിലും ചുമത്തും എന്നാണ്. മനുഷ്യനു മാത്രമല്ല രോഗാണുബാധയുടെ സാധ്യത.
കൃഷിയെ ബാധിക്കുന്ന മാരക കീടങ്ങൾ ഭക്ഷണങ്ങളിലൂടെ വരാം. പരിസ്ഥിതിക്കും ഇവ ദോഷം ചെയ്യാം. അന്യനാട്ടിൽ നിന്നുള്ള കീടങ്ങൾ കൊണ്ടു വരുന്ന രോഗങ്ങൾ കൃഷിയെ ബാധിച്ചാൽ കാർഷിക ഉത്പന്നങ്ങൾക്കു ക്ഷാമവും അതു മൂലം വിലക്കയറ്റവും ഉണ്ടാവാം. കഴിഞ്ഞ വർഷം യു എസ് അതിർത്തികളിൽ 264 വിദേശ കീടങ്ങളെ കണ്ടെത്തി. ഒട്ടു മിക്ക മാംസാഹാരങ്ങളും പാൽ-മുട്ട ഉത്പന്നങ്ങളും യു എസിലേക്കു കൊണ്ടു വരാൻ പാടില്ല. കന്നുകാലി രോഗമുള്ള നാടുകളിൽ നിന്നുള്ള ഉത്പന്നങ്ങളാണെങ്കിൽ കർശന നിരോധനമാണ്. ഒട്ടേറെ ഉത്പന്നങ്ങൾ അനുവദിച്ചിട്ടുണ്ട്. കറിക്കൂട്ടുകൾ, ഭക്ഷ്യ എണ്ണ, റൊട്ടി, കേക്ക്, പാക്ക് ചെയ്ത ചായപ്പൊടി, ബേക്ക് ചെയ്തതോ സംസ്കരിച്ചതോ ആയ ഉത്പന്നങ്ങൾ ഇവയൊക്കെ ആവാം.
കൊണ്ടു വരുന്നതെല്ലാം ഡിക്ലയർ ചെയ്യണമെന്നു നിര്ബന്ധമാണ്. സംശയമുള്ളത് രോഗാണു ബാധ ഉണ്ടാവാൻ ഇടയുണ്ടോ എന്ന് ഉദ്യോഗസ്ഥന്മാർ പരിശോധിക്കും. പഴങ്ങളും പച്ചക്കറികളും അനുവദിച്ചിട്ടില്ല. വിമാനത്തിലോ കപ്പലിലോ അവ കഴിച്ചാൽ ഉപയോഗ ശേഷം ഉപേക്ഷിക്കണം. കാനഡയിൽ നിന്നു കര മാർഗം വരുന്നവർക്ക് അവിടെ ഉത്പാദിപ്പിച്ച പച്ചക്കറി-പഴങ്ങൾ മിതമായ തോതിൽ കൊണ്ടു വരാം. അതിനു തെളിവും വേണം.