അമേരിക്കയില്‍ അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന മാറ്റം 100 മില്യണ്‍ അമേരിക്കക്കാരെ ഈയാഴ്ച്ച ബാധിക്കാമെന്ന നാഷനല്‍ വെതര്‍ സര്‍വീസിന്റെ മുന്നറിയിപ്പ് ഗൗരവകരമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെ 2022 സമ്മര്‍ സീസണിലെ സൂര്യതാപമേറ്റ് ആദ്യമരണം സംഭവിച്ചതായി ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹൂമണ്‍ സര്‍വീസസ്. 66 വയസ്സുള്ള ഒരു സ്ത്രീയാണ് മരിച്ചതെന്നും, വിശദ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും കൗണ്ടി അധികൃതര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഒരു മരണം സംഭവിച്ചതില്‍ ഖേദിക്കുന്നതായി ഡി.സി.എച്ച്. എച്ച്. എസ്. ഡയറക്ടര്‍ ഡോഫി ലിപ്പ് വാംഗ പറഞ്ഞു. ഈ സീസണില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ നേരിടാന്‍ എല്ലാവരും തയ്യാറായിരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
ടെക്സസും ലൂയിസിയാനയും മുതല്‍ കന്‍സസും മിസൂറിയും വരെയുള്ള സംസ്ഥാനങ്ങളെ ഉഷണ തരംഗം ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ഏതാനും സംസ്ഥാനങ്ങളില്‍ താപ സൂചിക 90 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ ഉയരുമെന്നും ആശങ്കയുണ്ട്. ചൂടും ഈര്‍പ്പവും കൂടി കണക്കിലെടുത്താണ് വെതര്‍ സര്‍വീസ് താപ സൂചികയില്‍ എത്തുന്നത്. അരിസോണയിലെ ഫാന്റം റാഞ്ചില്‍ 114 വരെ എത്താം. ടെക്സസിലെ അമാരിലോയില്‍ 113, ലൂയിസിയാനയിലെ ഷ്വേവെപോര്‍ട്ടില്‍ 108 എന്നിങ്ങനെയാണ് മറ്റു പ്രവചനങ്ങള്‍.