റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകളില്‍ കുടുങ്ങിയത് 13,397 പ്രവാസികള്‍. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂണ്‍ 30 മുതല്‍ ജൂലൈ ആറ് വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ഇത്രയുംപേര്‍ അറസ്റ്റിലായത്. ആഭ്യന്തര മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.
അറസ്റ്റിലായവരില്‍ 8,388 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 3,044 പേരെ പിടികൂടിയത്. 1,965 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 258 പേര്‍. ഇവരില്‍ 43 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 43 ശതമാനം പേര്‍ എത്യോപ്യക്കാരും 14 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.