യുദ്ധം തുടരുന്ന യുക്രെയ്നിലെ തന്ത്രപ്രധാനമായ ലുഹാന്‍സ്ക് മേഖല പിടിച്ചടക്കിയെന്ന വാദവുമായി റഷ്യ. റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ഗെയ് ഷൊയ്ഗുവാണ് ഇക്കാര്യം അറിയിച്ചത്. പിടിച്ചടക്കിയ നഗരത്തിനു ചുറ്റുമുള്ള ഗ്രാമങ്ങള്‍ രേഖപ്പെടുത്തി നിയന്ത്രണത്തിലുള്ള പ്രദേശങ്ങളുടെ മാപ്പും റഷ്യ പുറത്തുവിട്ടു. എന്നാല്‍ റഷ്യയുടെ അവകാശവാദം തള്ളി യുക്രെയ്ന് രംഗത്തെത്തി.
ലുഹാന്‍സ്കിലെ ലൈസിഷാന്‍സ്ക് പട്ടണത്തില്‍ ആഴ്ചകളോളം തീവ്രമായ പോരാട്ടം നടന്നുവരികയായിരുന്നു. ഇവിടെ നിന്ന് യുക്രെയ്ന് സൈന്യം പിന്മാറിയതായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വാര്‍ത്ത സ്ഥിരീകരിച്ച യുക്രെയ്ന് പ്രസിഡന്റ് വോളോഡീമര് സെലിന്‍സ്കി കനത്ത ആള്നാശമൊഴിവാക്കാനായിരുന്നു നടപടി എന്ന് അറിയിച്ചു. ലൈസിഷാന്‍സ്കില്‍ നിന്നു പിന്മാറിയെങ്കിലും ലുഹാന്‍സ്ക് തങ്ങള്‍ക്ക് നഷ്ടപ്പെട്ടതായി യുക്രെയ്നിയന്‍ വൃത്തങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.