കുവൈത്തില്‍ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നവര്‍ 14653 പേരെന്ന് കുവൈത്ത് താമസകാര്യ വകുപ്പ്. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുമ്പോട്ട് പോകുന്നതിനിടെയാണ് ഔദ്യോഗിക വൃത്തങ്ങള്‍ നിയമ ലംഘനവുമായ കണക്ക് പുറത്തുവിട്ടത്. നിയമ ലംഘകരെ സംരക്ഷിക്കുന്ന സ്പോണ്സര്മാര്ക്ക് എതിരെ അടക്കം നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കുവൈത്ത്.
വിസാ കാലാവധി കഴിഞ്ഞും രാജ്യം വിടാത്ത സന്ദര്‍ശകരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍സ് അഫയേഴ്സ് സെക്ടര്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ വാലിദ് അല്‍ തറാവയാണ് സമര്‍പ്പിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമദ് അല്‍ നവാഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് മന്ത്രാലയം നല്‍കിയത്.