നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം ജര്‍മനിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. 276 പേരെയാണ് ആദ്യബാച്ചില്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടിക നോര്‍ക്കയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ ഡിസംബര്‍ രണ്ടിന് നിലവില്‍വന്ന ട്രിപ്പിള്‍ വിന് പ്രോഗ്രാമിന്റെ ഭാഗമായി ജര്‍മനിയിലേയ്ക്ക് നഴ്സ് നിയമനത്തിനായി 13,000ത്തോളം ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചിരുന്നത്. നിരവധി ഘട്ടങ്ങളിലായി ജര്‍മന്‍ തൊഴില്‍ ധാതാക്കള്‍ നേരിട്ടു നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രീയയ്ക്ക് ഒടുവിലാണ് അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 400 പേര് ഉള്‍പ്പെടുന്ന ചുരുക്ക പട്ടിക ഏപ്രിലില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയിലെയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്നായഷണല് കോഓപ്പറേഷനിലെയും എട്ട് ഉദ്യോഗസ്ഥര്‍ മെയ് നാല് മുതല്‍ 13 വരെ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്ത് നടത്തിയ ഇന്റര്‍വ്യൂവിന് േശഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് തിരുവനന്തപുരത്ത് തന്നെ ജര്‍മ്മന്‍ ഭാഷയില്‍ ബി 1 ലവല്‍ സൗജന്യ പരിശീലനം നല്‍കിയതിന് ശേഷമാണ് ജര്‍മനിയിലേക്ക് കൊണ്ടുപോകുന്നത്. ജര്‍മനിയില്‍ എത്തിയ ശേഷവും ഭാഷാ പരിശീലനവും അവിടുത്തെ തൊഴില്‍ തൊഴില്‍ സാഹചര്യവുമായി ഇണങ്ങി ചേരാനും ജര്‍മന്‍ രജിസ്ട്രേഷന് നേടാനുമുള്ള പിന്തുണയും സൗജന്യമായി ലഭിക്കും.
നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവിണ്യമുള്ളവര്ക്കായി ആവിഷ്കരിച്ച ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിലൂടെ ആണ് 13 പേര്‍ക്ക് അവസരം ലഭിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ ബി1, ബി2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ളവര്‍ക്ക് വേണ്ടിയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒരുക്കിയത്. അടുത്തഘട്ട ഇന്റര്‍വ്യൂ ഒക്ടോബറില്‍ നടക്കുമെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അറിയിച്ചു.