റിയാദ്: തുറസായ സ്ഥലങ്ങളില്‍ മാസ്‍ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പിൻവലിച്ച് സൗദി അറേബ്യ. ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ ഇതിനോടകം നിലവില്‍ വന്നു. എന്നാല്‍ അടച്ചിട്ട മുറികൾക്കകത്ത് മാസ്‍ക് ധരിക്കണം.
രാജ്യത്തേക്ക് സന്ദര്‍ശക വിസകളില്‍ വരുന്നവര്‍ കൊവിഡ് രോഗ ബാധിതരായാല്‍ അതിന്റെ ചികിത്സയ്‍ക്ക് ആവശ്യമായ ഇന്‍ഷുറന്‍സ് എടുത്തിരിക്കണം. രാജ്യത്തേക്ക് പ്രവേശിക്കാൻ നെഗറ്റീവ് പി.സി.ആർ അല്ലെങ്കില്‍ ആന്റിജൻ പരിശോധന ഫലവും കൊവിഡ് വാക്സിൻ ഡോസുകൾ പൂർത്തിയാക്കാത്തവർ സൗദിയിലേക്ക് പ്രവേശിക്കുമ്പോഴുള്ള ഹോട്ടല്‍, ഹോം ക്വാറന്റീനുകളും ഒഴിവാക്കി. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ മസ്ജിദുന്നബവി എന്നിവിടങ്ങളിലും രാജ്യത്തെ മറ്റു പള്ളികളിലും സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി. എന്നാൽ ഇവിടങ്ങളിൽ മാസ്‍ക് ധരിക്കേണ്ടത് നിർബന്ധമാണ്.