കുവൈത്ത് സിറ്റി: കുവൈത്തിലേയ്ക്ക് നേഴ്‌സിങ് റിക്രൂട്ട് മെന്റിനായി പണം വാങ്ങുന്ന ഏജന്‍സികള്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജ്. നഴ്‌സിങ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പരസ്യങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും, ഇത് പണം തട്ടുന്നതിനുള്ള ചിലരുടെ തന്ത്രമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
സമൂഹ മാധ്യമങ്ങളിലുള്ള ഇത്തരം പരസ്യങ്ങള്‍ എംബസിയുടെ ശ്രദ്ധയില്‍ പെടുത്തണം. ആരോഗ്യ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന ശമ്പളത്തില്‍നിന്ന് ഇടനിലക്കാര്‍ വിഹിതം തട്ടുന്നത് അനുവദിക്കാനാവില്ല. ഈ കാരണത്താലാണ് കരാര്‍ വ്യവസ്ഥയില്‍ നഴ്‌സുന്മാരെ റിക്രൂട്ട് ചെയ്യുന്നതിന് എംബസി അനുമതി നല്‍കാത്തതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.