സ്വകാര്യ സ്കൂളുകളിലെ പ്രവർത്തി ദിനങ്ങളിൽ മാറ്റം വരുമെന്ന അറിയിപ്പുമായി നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്മെന്റ് അതോരിറ്റി. യുഎഇയിലെ സര്‍ക്കാര്‍ മേഖലയില്‍ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വന്ന സാഹചര്യത്തില്‍ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവൃത്തി ദിനങ്ങളിലും മാറ്റം വരുമെന്ന് അറിയിപ്പ് ലഭിച്ചത്.
യുഎഇയിലെ വാരാന്ത്യ അവധി ദിനങ്ങളില്‍ മാറ്റം വരുത്തിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയും യുഎഇ മീഡിയാ ഓഫീസും അറിയിച്ചു. സർക്കാർ മേഖലയിൽ നിലവിലുള്ള വാരാന്ത്യ അവധി ഇനി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 12 മണി വരെയുമായിരിക്കും സര്‍ക്കാര്‍ മേഖലയില്‍ പ്രവൃത്തി സമയം. വെള്ളിയാഴ്ച ഉച്ചമുതല്‍ ഞായറാഴ്ച വരെ അവധിയായിരിക്കും. 2022 ജനുവരി ഒന്ന് മുതൽ പുതിയ സമയക്രമം നിലവിൽ വരും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതേ രീതി പിന്തുടരുമെന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെലവപ്മെന്റ് അതോരിറ്റി ട്വീറ്റ് ചെയ്തു.