സുവർണ്ണ ജൂബിലി ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ 50 ദിർഹം നോട്ട് പുറത്തിറക്കി യുഎഇ സർക്കാർ. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും എമിറേറ്റ്‌സിലെ ഒന്നാം തലമുറ ഭരണാധികാരികൾക്കുമുള്ള ആദരവായാണ് നോട്ട് പുറത്തിറക്കിയത്. ആദ്യമായി പോളിമർ ഉപയോഗിച്ചാണ് പുതിയ നോട്ട് നിർമിച്ചിരിക്കുന്നത്.
പുതിയ നോട്ട് ഉടൻ എടിഎമ്മുകളിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കള്ളപ്പണത്തെ ചെറുക്കുന്നതിനുള്ള വിപുലമായ സുരക്ഷാ സംവിധാനങ്ങളും 50 ദിർഹം നോട്ടിലുണ്ട്. അതേസമയം, നിലവിലെ 50 ദിർഹം നോട്ട് സാധുവായി തുടരുകയും ചെയ്യും. നോട്ടിന്റെ വലതുവശത്ത് ഷെയ്ഖ് സായിദിന്റെ വലിയ ചിത്രവും യൂണിയൻ ആയ ശേഷം വിവിധ എമിറേറ്റ്സിലെ ഭരണാധികാരികൾ ദേശീയ പതാകയ്ക്ക് കീഴെ നിൽക്കുന്ന ചിത്രവുമാണ് പതിച്ചിരിക്കുന്നത്. രക്തസാക്ഷി സ്മാരകമായ വാഹത് അൽ കറാമയുടെ ചിത്രം ഇടതുവശത്തും കാണാം.